ചെറുകാവ് സര്‍കിള്‍ SYS കമ്മിറ്റി ഭാരവാഹികള്‍ 2015 സിദ്ദീഖ് സഖാഫി പുത്തൂപാടം പ്രസിഡന്റ് അബൂബക്കര്‍ പി കുറിയോടം ജനറല്‍ സെക്രട്ടറി ബഷീര്‍ സഖാഫി പൂച്ചാല്‍ ഫിനാന്‍സ് - 2018.

Monday, December 14, 2015

ചെറുകാവ് സര്‍കിള്‍ SYS നു പുതിയ ഭാരവാഹികള്‍

A . Muhammad Master Paravoor - SYS   and Kerala Muslim jamaath Meet  Cherukavu Circle 


ഐക്കരപ്പടി :  (13- 12 - 2015  ഞായര്‍ 3 PM ) ചെറുകാവ് സര്‍കിള്‍ SYS നു പുതിയ   ഭാരവാഹികളെ തിരഞ്ഞെടുത്തു . പ്രസിഡണ്ടായി   സിദ്ദീഖ് സഖാഫി പുത്തൂപാടത്തെയും  ജനറല്‍സെക്രട്ടറി യായി അബൂബക്കര്‍ പി കുറിയോടത്തെയും  ഫിനാന്‍സ് സെക്രട്ടറി ആയി ബഷീര്‍ സഖാഫി പൂച്ചാലിനെയുമാണ് ഐക്കരപ്പടി മര്‍കസ് പബ്ലിക് സ്കൂളില്‍ ചേര്‍ന്ന ചെറുകാവ് എസ് വൈ എസ് വാര്‍ഷിക കൌണ്‍സില്‍ യോഗത്തില്‍ തിരഞ്ഞെടുത്തത് . വൈകീട്ട് മൂന്ന് മണിക്ക് ഇ കെ മുഹമ്മദ്‌ കോയ സഖാഫിയുടെ പ്രാര്‍ത്ഥന യോടെ ആരംഭിച്ച കൌണ്‍സില്‍ യോഗത്തില്‍ വീരാന്‍ മുസ്ലിയാര്‍ അധ്യക്ഷത വഹിച്ചു . പുളിക്കല്‍ സോണ്‍ പ്രസിഡന്റ്   ഇ കെ മുഹമ്മദ്‌ കോയ സഖാഫി ഉദ്ഘാടനം ചെയ്തു .  ശേഷം നടന്ന റിപ്പോര്‍ട്ട് അവതരണം , വരവ് ചെലവ് കണക്ക് അവതരണം എന്നിവ യഥാക്രമം അലി അഫ്സല്‍ എ പി , സി കെ ഉസ്മാന്‍ എന്നിവര്‍ നിര്‍വഹിച്ചു . തുടര്‍ന്ന്  റിട്ടേണിംഗ് ഓഫീസര്‍ അഷ്‌റഫ്‌ മുസ്ലിയാരുടെ നേതൃത്വത്തില്‍ പുതിയ പ്രവര്‍ത്തന കാലയളവിലേക്കുള്ള എസ് വൈ എസ് കമ്മിറ്റി യെ തിരഞ്ഞെടുത്തു .  പ്രസ്ഥാനത്തിന്റെ പ്രതിസന്ധികളും മുന്നേറ്റവും വിഷയത്തില്‍ മുഹമ്മദ്‌ മാസ്റ്റര്‍ പറവൂര്‍ വിഷയമവതരിപ്പിച്ചു പ്രസംഗിച്ചു .


ചെറുകാവ് സര്‍കിള്‍ SYS കമ്മിറ്റി ഭാരവാഹികള്‍ 2015 - 2018
--------------------------------------------------------------------------

പ്രസിഡന്റ്                : P സിദ്ദീഖ് സഖാഫി പുത്തൂപാടം
വൈസ്                     : N. അബ്ദുല്‍ സലാം സഖാഫി പുത്തൂപാടം
വൈസ്                     : M . അബ്ദുല്‍ ഹഖീം അഹ്സനി
ജനറല്‍സെക്രട്ടറി      :  അബൂബക്കര്‍ പി കുറിയോടം
ജോ :സെക്രട്ടറി          : കെ അബ്ദുല്‍ കരീം പറവൂര്‍
ജോ :സെക്രട്ടറി          : കെ . മൂസ കുട്ടി സിയാംകണ്ടം
ഫിനാന്‍സ് സെക്രട്ടറി  : കെ എം ബഷീര്‍ സഖാഫി പൂച്ചാല്‍


കാന്തപുരത്തിനല്ലാതെ ആര്‍ക്കാണവകാശം? by OM THARUVANA


സ്ത്രീ സമൂഹത്തിന്റെ കാര്യം പറയാന്‍ കാന്തപുരത്തിന് അര്‍ഹതയുണ്ട്. ആയിരക്കണക്കിന് സ്ത്രീകള്‍ക്കും കുടുംബങ്ങള്‍ക്കും ആശ്രയവും അഭയവും നല്‍കുന്ന നേതാവാണദ്ദേഹം. സ്ത്രീ, സമത്വം, കാന്തപുരം എന്നൊക്കെ കേട്ടതോടെ വാളെടുത്ത് ഉറഞ്ഞു തുള്ളിയ കോമരങ്ങളിനിയുമുണ്ടല്ലോ. കമ്യൂണിസ്റ്റ് പാര്‍ട്ടിക്കാര്‍ക്കു പുറമെ സംഘ്പരിവാര്‍ സംഘടനകള്‍, കെ പി സി സി പ്രസിഡന്റ്, ശാസ്ത്ര സാഹിത്യ പരിഷത്ത്, പു ക സാ, നിസ, അന്വേഷി, എം ഇ എസ്, വഹാബി മൗദൂദി പെണ്‍ പോരാളികള്‍..ഹാലിളകി വന്ന ഈ കോമരക്കൂട്ടങ്ങളോട് ഒന്നു ചോദിക്കട്ടെ, രാജ്യത്തെ സ്ത്രീ സമൂഹത്തിന് വേണ്ടി നിങ്ങള്‍ എന്തൊക്കെയാണ് ചെയ്യുന്നത്? എത്ര പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കുന്നുണ്ട്? എത്ര വനിതകള്‍ക്ക് തൊഴില്‍ നല്‍കുന്നുണ്ട്? എത്ര കുടുംബങ്ങള്‍ക്ക് ജീവിതം നല്‍കുന്നുണ്ട്? എത്ര വിധവകള്‍ക്ക് കൈത്താങ്ങാകുന്നുണ്ട്? കാന്തപുരത്തെ സ്ത്രീ ശാക്തീകരണത്തിന്റെ പേര് പറഞ്ഞ് വിചാരണ ചെയ്യാന്‍ ധാര്‍മിക അവകാശമുള്ളവര്‍ എത്രപേരുണ്ട് വിമര്‍ശകരില്‍? കോലം കത്തിക്കാന്‍ വാങ്ങിയ എണ്ണയുടെ വില പോലും ഒരു കുടുംബത്തിന്റെ അടുപ്പെരിയാന്‍ നല്‍കിയിട്ടില്ലാത്ത പുരോഗമന മങ്കമാരാണ് ഈ കാന്തപുരത്തെ ചോദ്യം ചെയ്യാന്‍ വരുന്നത്!

   കാന്തപുരത്തിന്റെ പ്രസ്താവനക്കെതിരെ ശരിക്കും വാളെടുത്തുറഞ്ഞു തുള്ളിയത് സഖാവ് വി എസ് അച്യുതാനന്ദനാണ്. മലയാളത്തിലെ ഒരുവകപ്പെട്ട ശകാരപദങ്ങളൊക്കെ പ്രസ്താവനയെഴുതിക്കൊടുത്തയാള്‍ സഖാവിന്റെ അണ്ണാക്കില്‍ തിരുകിക്കയറ്റിവെച്ചുകൊടുത്തിട്ടുണ്ട്. തീവ്രഹിന്ദുത്വത്തിന്റെ സ്വരം, ജനാധിപത്യവിരുദ്ധം, അപരിഷ്‌കൃതം, ഉളുപ്പില്ലായ്മ, വൈകൃതം… ലോകം അപ്പാടെയങ്ങു പുരോഗമിച്ചു സ്ത്രീപുരുഷ സമത്വം നടപ്പാക്കിക്കഴിഞ്ഞത്രേ. ഈ സമത്വ സുന്ദര ലോകത്ത് സകല പുരോഗതിക്കും കുറുകെ കിടക്കുന്നത് ഒരേയൊരു കാന്തപുരം മാത്രം! അങ്ങനെത്തന്നെയാണോ സഖാവേ? എങ്കില്‍ ആ സുന്ദര സമത്വലോകത്ത് എന്തുകൊണ്ടാണ് സഖാവ് അച്യുതാനന്ദന്റെ പാര്‍ട്ടിയെ കാണാത്തത്? സമത്വം എന്നു പറഞ്ഞാല്‍ കാര്യങ്ങളൊക്കെ ഒരമ്പത്-അമ്പത് എന്ന അനുപാതത്തില്‍ ആകണമല്ലോ. അങ്ങനെെയങ്കില്‍, സഖാവിന്റെ പാര്‍ട്ടിയുടെ കേന്ദ്ര കമ്മിറ്റിയില്‍ എത്ര മാന്യവനിതകള്‍ക്ക് ഇടം നല്‍കിയിട്ടുണ്ട്? 91 പുരുഷ ശിങ്കങ്ങള്‍ക്കിടയില്‍ വെറും ഒമ്പത്. സംസ്ഥാന കമ്മിറ്റിയിലോ 87ല്‍ ഒമ്പത്, ഒമ്പത് ശതമാനം തികയില്ല. എവിടെ സമത്വം സഖാവേ? കേരളപ്പിറവിക്ക് ശേഷം എട്ടോ ഒമ്പതോ ടേമുകളിലായി അഞ്ച് കമ്യൂണിസ്റ്റ് മുഖ്യമന്ത്രിമാര്‍ കേരളം ഭരിച്ചിട്ടുണ്ട്. ഇതില്‍ എത്ര വനിതകള്‍ വന്നു? പൂജ്യം. എന്തേ സമത്വമുണ്ടായില്ല? ഗൗരിയമ്മ മുഖ്യമന്ത്രി പദത്തിനു സമീപത്തുകൂടി വഴിനടന്നപ്പോള്‍ ചവിട്ടിപ്പുറത്താക്കിയ പാര്‍ട്ടിയാണ് താങ്കളുടേത്. എന്നിട്ടാണിപ്പോള്‍ സമത്വം പ്രസംഗിക്കുന്നത്! പാര്‍ട്ടിയുടെ മറ്റു ഘടകങ്ങളുടെയും പാര്‍ട്ടി തിരഞ്ഞെടുപ്പ് ചരിത്രങ്ങളുടെയും കഥ ഒന്നെടുത്ത് നോക്കണം സഖാവേ, സമത്വം അര്‍ഹിക്കുന്ന മാന്യവനിതകളെ പാര്‍ട്ടി ഏതെല്ലാം മൂലകളിലാണ് കൊണ്ടുപോയി ഇരുത്തിയതെന്ന്. നിയമപരമായി വേശ്യാലയം നടത്തുന്ന രണ്ട് സംസ്ഥാനങ്ങളേ രാജ്യത്തുള്ളൂ. അതിലൊന്ന് 30 വര്‍ഷം സഖാവിന്റെ പാര്‍ട്ടി ഭരിച്ച പശ്ചിമ ബംഗാളാണ്. വയറ്റുപ്പിഴപ്പിന് സ്വന്തം ശരീരം വില്‍ക്കാന്‍ സ്ത്രീകളെ പ്രാപ്തമാക്കിയ വിപ്ലവ പ്രസ്ഥാനം ലോകത്ത് ഒന്നേ കാണൂ, അതു സഖാവിന്റെതാണ്. കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ആഗോള വനിതാ മുന്നേറ്റങ്ങളുടെ ചരിത്രമൊക്കെ നമുക്കൊന്ന് പരിശോധിച്ചു നോക്കണ്ടേ? മാര്‍ക്‌സിനും എംഗല്‍സിനുമൊപ്പം വളര്‍ന്നു വന്ന വനിതാ വിപ്ലവകാരികളെവിടെ? സ്റ്റാലിനും ലെനിനും കൈകോര്‍ത്തു പിടിച്ച ചുകപ്പന്‍ വീരാംഗനമാരെവിടെ? താങ്കളെക്കൊണ്ടിനി വയ്യായിരിക്കാം, പ്രസ്താവനയെഴുത്തുകാരനെങ്കിലും ചരിത്രം പഠിക്കണം.

നേതൃനിരയില്‍ ഒരാള്‍ മുടി നീട്ടി വളര്‍ത്തി പാര്‍ട്ടിയിലെ വനിതാ പ്രാതിനിധ്യ പ്രശ്‌നം മനോഹരമായി പരിഹരിച്ചിരിക്കുന്നു സി പി ഐ! പോകട്ടെ, ഇതൊക്കെ പാര്‍ട്ടി കാര്യം. പാര്‍ട്ടിയില്‍ സഖാവ് വി എസിന്റെ ഇരുപ്പുവശം നാട്ടുകാര്‍ക്ക് മനസ്സിലാകും. എന്നാല്‍, സ്വന്തം ജീവിതത്തിലോ? കാന്തപുരത്തിനെതിരെ വാളെടുക്കുന്നതിനു മുമ്പ് തന്‍കാര്യം ഒന്നാലോചിച്ചു നോക്കാമായിരുന്നില്ലേ? ആണ്ടറുതികളില്‍ മുറ തെറ്റാതെ ആലപ്പുഴയിലെ വേലിക്കകത്ത് തറവാട്ടില്‍നിന്നും പത്രാഫീസുകളിലേക്ക് ഒരു വര്‍ണചിത്രം വരാറുണ്ട്, മുതിര്‍ന്ന കമ്യൂണിസ്റ്റ് നേതാവിന് വെച്ചുവിളമ്പി തവിയും പിടിച്ച് ഓഛാനിച്ചു നില്‍ക്കുന്ന ഒരു പാവം വീട്ടമ്മയുടെ പടം. വിപ്ലവം തൊട്ടുതീണ്ടിയിട്ടില്ലാത്ത ആഢ്യന്‍ സംസ്‌കാരത്തിന്റെ മുദ്ര. സ്വന്തം നല്ലപാതിയെ അരിവെപ്പുകാരിയും വിളമ്പുകാരിയുമാക്കി വേലിക്കകത്ത് കെട്ടിയിട്ട് നാട്ടിലെ പെണ്ണുങ്ങള്‍ക്ക് വേണ്ടി സമത്വം പ്രസംഗിക്കുക, കാന്തപുരത്തിന്റെ വീട്ടിലെ ചിത്രത്തിന് സമാനമാണ്! സഖാവ് സത്യം പറയണം. സമത്വവിചാരമില്ലാതെയാണെങ്കില്‍ പോലും സ്വന്തം ഭാര്യക്ക് താങ്കള്‍ എത്ര തവണ വെച്ചുവിളമ്പിക്കൊടുത്തിട്ടുണ്ട്? പോകട്ടെ, പിറന്നാള്‍ സദ്യയുണ്ണുന്ന നല്ല നേരത്തെങ്കിലും നല്ലപാതിയെ കൂടെ കൂട്ടിയിരുത്തി ഉണ്ണാനുള്ള സൗമനസ്യം താങ്കള്‍ കാണിച്ചോ? ആ ഒറ്റ ദിവസം! അഴിമതി വിരുദ്ധ പ്രക്ഷോഭം മാത്രമല്ല, സ്ത്രീ സമത്വനയവും സഖാവ് വീട്ടില്‍ നിന്നു തുടങ്ങണം. എന്നിട്ടാകാം കാന്തപുരത്തെ നേരെയാക്കല്‍. എഴുതി വായിക്കുന്ന പ്രസ്താവനയല്ല സഖാവേ ജീവിതം. അതിത്തിരി കടുപ്പം കൂടും. വീട്ടിലെ കാര്യവുമിരിക്കട്ടെ, സ്വന്തം മാതൃത്വത്തെയും നിന്ദിച്ചുവെന്ന് കാന്തപുരത്തെ പഴിപറഞ്ഞ താങ്കളുടെ, സ്ത്രീകളെക്കുറിച്ചുള്ള നിലപാടെന്താണ്? മലമ്പുഴയിലെ എതിര്‍ സ്ഥാനാര്‍ഥി ലതികാ സുഭാഷിനെപ്പറ്റി പറഞ്ഞതുപോലെയാണോ? സ്വന്തം പേരക്കുട്ടിയുടെ പ്രായം പോലും വരാത്ത സിന്ധു ജോയിയെക്കുറിച്ച് പറഞ്ഞതുപോലെയോ? അതുമല്ലെങ്കില്‍, പി ജെ ജോസഫിന്റെ വിമാനയാത്രാ വിവാദത്തിലെ മാന്യവനിതയെക്കുറിച്ച് പറഞ്ഞതുപോലെയോ? ഇത്തരത്തില്‍ ഒരു പദവും കാന്തപുരത്തിന്റെ വായില്‍നിന്ന് ഇന്നേവരെ വന്നിട്ടില്ല. എന്നിട്ടും തീര്‍ത്തും മാധ്യമസൃഷ്ടി എന്നുറപ്പുള്ള ഒരു വിവാദത്തിന്റെ മറപറ്റി കാന്തപുരത്തിനെതിരെ താങ്കള്‍ ചൊരിഞ്ഞ ശകാര വാക്കുകള്‍ എന്തൊക്കെയാണ്? താങ്കള്‍ പ്രയോഗിച്ചതും കഴിച്ചു, ഭാഷയില്‍ തെറിപ്പദങ്ങള്‍ ഇനിയും കുറേ ബാക്കിയുണ്ട് സഖാവേ. അതെടുത്ത് തിരിച്ചങ്ങോട്ട് പ്രയോഗിക്കാതെ കാന്തപുരം മൗനം പാലിച്ചത് രണ്ട് സംസ്‌കാരങ്ങള്‍ തമ്മിലുള്ള അന്തരമാണ്, അതത്ര കണ്ടാല്‍ മതി. രാജ്യത്തെ ഭരണഘടനയെയും നിയമവ്യവസ്ഥയേയും മുന്‍നിറുത്തിയായിരുന്നല്ലോ ചിലരുടെ വിമര്‍ശം. സ്ത്രീപുരുഷ സമത്വത്തെക്കുറിച്ച് രാജ്യത്തെ നിയമവ്യവസ്ഥ എന്താണ് പറയുന്നത്? 2007ല്‍ ഇവ്വിഷയം സംബന്ധിച്ച ഒരു വ്യവഹാരം കേരള ഹൈക്കോടതിയില്‍ നടന്നു. വൈദ്യുതി ബോര്‍ഡില്‍ മസ്ദൂര്‍ നിയമനത്തിന് അപേക്ഷിക്കാന്‍ സ്ത്രീകള്‍ക്ക് അര്‍ഹതയില്ലെന്ന പി എസ് സിയുടെ വിജ്ഞാപനം ഭരണഘടനാ വിരുദ്ധമാണെന്ന സിംഗിള്‍ ബഞ്ചിന്റെ വിധിയുണ്ടായി. ഇതിനെതിരെ വൈദ്യുതി ബോര്‍ഡ് ഡിവിഷന്‍ ബഞ്ചില്‍ അപ്പീലിനു പോയി. ജസ്റ്റിസ് കെഎസ് രാധാകൃഷ്ണന്‍, ജസ്റ്റിസ് ടി ആര്‍ രാമചന്ദ്രന്‍ നായര്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബഞ്ച് സിംഗിള്‍ ബഞ്ചിന്റെ വിധി റദ്ദാക്കുകയും മസ്ദൂര്‍ നിയമനത്തിന് അപേക്ഷിക്കാന്‍ സ്ത്രീകള്‍ക്ക് അവകാശമില്ലെന്ന് വിധിക്കുകയും ചെയ്തു. സ്ത്രീകളുടെ ശാരീരികാവസ്ഥ പരിഗണിച്ചുകൊണ്ടാണ് അവര്‍ക്കു മസ്ദൂര്‍ നിയമനത്തില്‍ അയോഗ്യത കല്‍പ്പിച്ചത്. ഇത് ഭരണഘടനാ വിരുദ്ധമല്ലെന്ന് കോടതി പറഞ്ഞു. ലിംഗ വിവേചനം പാടില്ലെന്ന് പൊതുവെ പറയാമെങ്കിലും ചില പ്രത്യേക തൊഴില്‍ മേഖലയില്‍ സ്ത്രീകളെ വേറിട്ടു കാണുന്നതില്‍ തെറ്റില്ലെന്നും മസ്ദൂര്‍ ജോലിയുടെ കാഠിന്യം ഉള്‍ക്കൊള്ളാനും ഫലപ്രദമായി ജോലി ചെയ്യാനും സ്ത്രീകള്‍ക്ക് കഴിയില്ലെന്നും കോടതി നിരീക്ഷിച്ചു. ലിംഗസമത്വവാദികള്‍ അന്നു കൂട്ടത്തോടെ കടലില്‍ ചാടി ആത്മഹത്യ ചെയ്തതായി വാര്‍ത്ത ഇല്ലായിരുന്നു. സ്ത്രീ, സമത്വം, കാന്തപുരം എന്നൊക്കെ കേട്ടതോടെ വാളെടുത്ത് ഉറഞ്ഞു തുള്ളിയ കോമരങ്ങളിനിയുമുണ്ടല്ലോ. കമ്യൂണിസ്റ്റ് പാര്‍ട്ടിക്കാര്‍ക്കു പുറമെ സംഘ്പരിവാര്‍ സംഘടനകള്‍, കെ പി സി സി പ്രസിഡന്റ്, ശാസ്ത്ര സാഹിത്യ പരിഷത്ത്, പു ക സാ, നിസ, അന്വേഷി, എം ഇ എസ്, വഹാബി മൗദൂദി പെണ്‍ പോരാളികള്‍… ഹാലിളകി വന്ന ഈ കോമരക്കൂട്ടങ്ങളോട് ഒന്നു ചോദിക്കട്ടെ, രാജ്യത്തെ സ്ത്രീ സമൂഹത്തിന് വേണ്ടി നിങ്ങള്‍ എന്തൊക്കെയാണ് ചെയ്യുന്നത്? എത്ര പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കുന്നുണ്ട്? എത്ര വനിതകള്‍ക്ക് തൊഴില്‍ നല്‍കുന്നുണ്ട്? എത്ര കുടുംബങ്ങള്‍ക്ക് ജീവിതം നല്‍കുന്നുണ്ട്? എത്ര വിധവകള്‍ക്ക് കൈത്താങ്ങാകുന്നുണ്ട്? രാഷ്ട്രീയ പാര്‍ട്ടികളോട് ചോദിക്കേണ്ട, ഭൂമി ഇങ്ങനെ പരന്നുകിടക്കുന്നതും ആകാശം ഉയര്‍ന്നു നില്‍ക്കുന്നതും തങ്ങളുടെ പാര്‍ട്ടി ഇവിടെ ഉള്ളതുകൊണ്ടാണ് എന്നവര്‍ പറയും. വിപ്ലവ വായാടിത്തം അറിവും അന്നവും നല്‍കുകയില്ലെന്ന് അവര്‍ സമ്മതിച്ചുതരില്ല. കാന്തപുരം എന്ന് കേട്ടപ്പോള്‍ കയറ് പൊട്ടിച്ചു പാഞ്ഞ ഏട്ടിലെ പശുക്കളുണ്ടല്ലോ. നിസ, പു ക സാ, അന്വേഷി, ശാസ്ത്ര സാഹിത്യ പരിഷത്ത് എന്നിത്യാദികള്‍. രാജ്യത്തെ വനിതാ ക്ഷേമത്തിന് വേണ്ടിയുള്ള തങ്ങളുടെ സംഭാവനകള്‍ ഇവരൊന്ന് വെളിപ്പെടുത്തണം. കോലം കത്തിച്ചും കോലം വരച്ചും നെടുങ്കന്‍ പ്രസ്താവനകളിറക്കിയും ആളാകാന്‍ വന്നവര്‍ തങ്ങളുടെ അര്‍ഹത തെളിയിക്കട്ടെ. പത്രത്തില്‍ പടം അച്ചടിച്ചുവരാനും ഇരട്ടക്കോളം തലക്കെട്ട് പിടിച്ചെടുക്കാനും മീഡിയകള്‍ക്ക് മുമ്പില്‍ കാണിച്ച കോപ്രായങ്ങള്‍ നാട്ടിലെ പെണ്ണുങ്ങള്‍ക്ക് എന്ത് നേട്ടമാണ് ഉണ്ടാക്കിയതെന്ന് കാന്തപുരത്തെ വിറപ്പിക്കാന്‍ വന്ന ഈ കടലാസു പുലികള്‍ പറയണം. രാജ്യത്തെ സ്ത്രീ സമൂഹത്തിന്റെ കാര്യം പറയാന്‍ കാന്തപുരത്തിന് അര്‍ഹതയുണ്ട്. ആയിരക്കണക്കിന് സ്ത്രീകള്‍ക്കും കുടുംബങ്ങള്‍ക്കും ആശ്രയവും അഭയവും നല്‍കുന്ന നേതാവാണദ്ദേഹം. രാജ്യത്തെ പതിനാല് സംസ്ഥാനങ്ങളിലായി എഴുന്നൂറ്റമ്പതില്‍പ്പരം പൊതു വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അദ്ദേഹത്തിന്റെ മേല്‍നോട്ടത്തില്‍ നടത്തുന്നുണ്ട്. കെ ജി ക്ലാസ് മുതല്‍ പി ജി വരെയുള്ള ഈ സ്ഥാപനങ്ങളില്‍ അറുന്നൂറിലേറെ ഇംഗ്ലീഷ് മീഡിയങ്ങളാണ്. ഇതില്‍ 23 എണ്ണം പെണ്‍ കുട്ടികള്‍ക്ക് സുരക്ഷിതമായി പഠിച്ചുവളരാനുള്ള പെണ്‍പള്ളിക്കൂടങ്ങള്‍. പെണ്‍കുട്ടികള്‍ക്ക് മാത്രമുള്ള അനാഥാലയങ്ങള്‍ 13, മിക്‌സഡ് വേറെയും. എസ് എസ് എല്‍ സിക്ക് ശേഷം പെണ്‍കുട്ടികള്‍ക്കു തുടര്‍പഠനം സാധ്യമാക്കുന്ന ‘ഹാദിയ’ കോഴ്‌സുകള്‍ സംസ്ഥാന വ്യാപകമായി നടത്തിവരുന്നുണ്ട്. മൊത്തം ഈ സ്ഥാപനങ്ങളിലെല്ലാമായി പഠിക്കുന്ന പെണ്‍കുട്ടികളുടെ എണ്ണം രണ്ടര ലക്ഷത്തിലേറെയാണ്. ഈ സ്ഥാപനങ്ങളിലെ പന്തീരായിരത്തോളം വരുന്ന അധ്യാപകരില്‍ തൊണ്ണൂറ് ശതമാനവും വനിതകളാണ്. ഇതില്‍ തന്നെ എഴുപത് ശതമാനത്തിലേറെ ഇതര മതവിഭാഗങ്ങളില്‍ പെട്ടവരാണ്. മര്‍കസിന്റെ കീഴില്‍ വിജയകരമായി നടപ്പാക്കിവരുന്ന മറ്റൊരു പദ്ധതിയാണ് ഹോംകെയര്‍ പ്രൊജക്ട്. ഹോം കെയര്‍ പദ്ധതിയുടെ ഗുണഭോക്താക്കള്‍ വിധവകളും അവരുടെ കുഞ്ഞുങ്ങളുമാണ്. അയ്യായിരത്തി എഴുന്നൂറ് കുടുംബങ്ങള്‍ക്ക് മാസാന്തം 3500രൂപ വരെയുള്ള സഹായം പണമായി അവരുടെ വീടുകളിലെത്തിച്ചു കൊടുക്കുകയാണ് ചെയ്യുന്നത്. യു പിയിലെ ഫിലിപ്പറ്റില്‍ വനിതകള്‍ക്ക് മാത്രമായി ഒരു ടെക്‌നിക്കല്‍ ഇന്‍സ്റ്റിറ്റിയൂട്ട് നടത്തുന്നുണ്ട്. ഗള്‍ഫ് നാടുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഇതിന് പുറമെയാണ്. മദ്‌റസകളും ശരീഅത്ത് കോളജുകളുമായി പ്രസ്ഥാനത്തിന് കീഴിലുള്ള ആയിരക്കണക്കിന് മതസ്ഥാപനങ്ങളില്‍ തൊഴിലെടുക്കുന്ന പതിനായിരക്കണക്കിന് ഉസ്താദുമാരുടെയും മറ്റു ജീവനക്കാരുടെയും കുടുംബങ്ങളുടെയും ആശ്രയം ഈയൊരു പണ്ഡിതനാണ്. മര്‍കസ് നോളജ് സിറ്റി വിഭാവനം ചെയ്യുന്നത് നിലവിലെ ഈ സംവിധാനങ്ങളുടെ പത്തിരട്ടിയെങ്കിലും വിപുലമായ പദ്ധതികളാണ്. വിദ്യാഭ്യാസ-സാംസ്‌കാരിക സ്ഥാപനങ്ങളിലും സേവന മേഘലയിലുമായി രാജ്യത്തെ അഞ്ച് ലക്ഷത്തോളം കുടുംബങ്ങള്‍ പല അളവില്‍ കാന്തപുരത്തെ ആശ്രയിച്ചു കഴിയുന്നവെന്നാണ് ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആര്‍ സി എഫ് ഐ തയ്യാറാക്കിയ കണക്കുകള്‍ പറയുന്നത്. മര്‍കസിന്റെയും പ്രസ്ഥാനത്തിന്റെയും കീഴില്‍ അഖിലേന്ത്യാ തലത്തില്‍ വിദ്യാഭ്യാസ സേവന പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്ന ഏജന്‍സിയാണ് ആര്‍ സി എഫ് ഐ(റിലീഫ് ആന്റ് ചാരിറ്റബ്ള്‍ ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യ). ഒരു മുസ്‌ലിം സ്ത്രീ ഏറ്റവും നിസ്സഹായയും സന്ദിഗ്ധയും ആയിത്തീരുന്നത് ജീവിതയാത്രയിലെ ഏത് ഘട്ടത്തിലായിരിക്കും? സംശയമില്ല, യുവാവായ ഭര്‍ത്താവ് അവിചാരിതമായി വേര്‍പിരിയുന്നു. പറക്കമുറ്റാത്ത കുട്ടികള്‍ തന്റെ കൈ പിടിച്ച് വട്ടം ചുറ്റുന്നു. മരിച്ചിട്ടും കണ്ണ് പൂടിയിട്ടില്ല തന്റെ ഭര്‍ത്താവിന്. ഈ അഞ്ചാറ് പിഞ്ചു കുഞ്ഞുങ്ങള്‍… ഈയൊരു ഘട്ടത്തില്‍ ആ സ്ത്രീ ആദ്യമോര്‍ക്കാന്‍ ഇടയുള്ള പേര് ഏതായിരിക്കും. ഏറെക്കുറെ ഉറപ്പിച്ചു പറയാം. കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍. അദ്ദേഹം തുറന്നുവച്ചിരിക്കുന്ന നൂറു കണക്കിന് അഭയകേന്ദ്രങ്ങള്‍! ഈ വിപ്ലവ വായാടികളെയൊന്നും ഒരു സ്ത്രീയും ഓര്‍ക്കാനേയിടയില്ല. ഇനി ചോദിക്കട്ടെ, ഈ കാന്തപുരത്തെ സ്ത്രീ ശാക്തീകരണത്തിന്റെ പേര് പറഞ്ഞ് വിചാരണ ചെയ്യാന്‍ ധാര്‍മിക അവകാശമുള്ളവര്‍ എത്രപേരുണ്ട് വിമര്‍ശകരില്‍? കോലം കത്തിക്കാന്‍ വാങ്ങിയ എണ്ണയുടെ വില പോലും ഒരു കുടുംബത്തിന്റെ അടുപ്പെരിയാന്‍ നല്‍കിയിട്ടില്ലാത്ത പുരോഗമന മങ്കമാരാണ് ഈ കാന്തപുരത്തെ ചോദ്യം ചെയ്യാന്‍ വരുന്നത്!! കാന്തപുരം നാട്ടിനപമാനമാണെന്ന തരത്തില്‍ പ്രസ്താവന നടത്തിയ മീനാക്ഷി തമ്പാന്‍ കഥയെന്തറിഞ്ഞു? പോകട്ടെ, അവരുടെ അവസ്ഥ മുമ്പ് പിണറായി വിജയന്‍ തന്നെ പറഞ്ഞിട്ടുണ്ടല്ലോ. (തുടരും) +91 9400501168



Search Tags: Kanthapuram AP Aboobacker Musliyar ,OM Tharuvana, V. S. Achuthanandan, gender equality , gender equality in Islam, 

ലിംഗസമത്വം പ്രായോഗികമോ?

    സ്ത്രീപുരുഷ സമത്വമുണ്ടായിട്ടുള്ളത്? വര്‍ത്തമാന കാലത്ത് എവിടെയാണ് സമത്വം കാണാനുള്ളത്? ഒളിമ്പിക്‌സ് മുതല്‍ സ്‌കൂള്‍ തലം വരെയുള്ള കായിക മത്സരങ്ങള്‍ ബലപരീക്ഷണ വേദികളാണ്. കരുത്തിന്റെ ഈ മഹാമേളകള്‍ ആണ്‍ പെണ്‍ വേര്‍തിരിച്ചു നടത്തുന്നതെന്തിനാണ്? ലോകത്തെ മാറ്റിമറിച്ച ശാസ്ത്ര സാങ്കേതിക വളര്‍ച്ചയുടെ ചരിത്രം പരിശോധിക്കുക; സ്ത്രീ അനുപാതം എത്ര ശതമാനമാണ്? ലോകത്ത് വ്യവസായ സാമ്രാജ്യങ്ങള്‍ വളര്‍ന്നുവന്നിട്ടുള്ളത് ബുദ്ധിയുടെയും തന്ത്രങ്ങളുടെയും വിജയമായിട്ടാണ്. ഈ രംഗത്ത് എത്ര വനിതാ പ്രതിഭകളുണ്ടായി? എന്നുവെച്ച്, ഇതൊക്കെ സ്ത്രീകളുടെ ന്യൂനതയല്ല, വൈകല്യമോ ദൗര്‍ബല്യമോ അല്ല. ജന്തുശാസ്ത്രപരമായ സവിശേഷതകള്‍ മാത്രമാണ്. മറുപക്ഷത്ത് പുരുഷനുമുണ്ട് ദൗര്‍ബല്യങ്ങള്‍. കാന്തപുരം ചൂണ്ടിക്കാണിച്ചത് അതിലൊന്നാണ്. പുതിയൊരു തലമുറക്ക് ജന്മം നല്‍കുക, അവരെ പരിപാലിച്ച് അന്തസ്സുള്ള പൗരന്മാരാക്കിമാറ്റുക, സാമൂഹികമായ മഹത്കര്‍മമാണിത്, സ്ത്രീകള്‍ക്ക് മാത്രം ചെയ്യാവുന്നത്, പുരുഷന്മാര്‍ക്ക് മത്സരിക്കാനാകാത്തത്, നിസ്സഹായനായി നോക്കി നില്‍ക്കാന്‍ മാത്രം കഴിയുന്നത്.

      ഒരു കൈയിന്റെ അഞ്ചു വിരലുകളും സമമായിരിക്കണം എന്ന് ശഠിക്കുന്നതുപോലെയുള്ള ശുദ്ധ അസംബന്ധമാണ് സ്ത്രീപുരുഷ സമത്വവാദം (Gender Equality). ജന്തുശാസ്ത്രം ഇതംഗീകരിക്കുന്നില്ല. നരവംശ ശാസ്ത്രം ഇതിനെതിരാണ്, മാനവരാശിയുടെ ഇന്നോളമുള്ള ചരിത്രത്തില്‍ ഒരിടത്തും സ്ത്രീയും പുരുഷനും സമമായിട്ടില്ല. കേവലയുക്തിക്കും നമ്മുടെ അറിവുകള്‍ക്കും അനുഭവങ്ങള്‍ക്കും നിരക്കുന്നതല്ല ലിംഗസമത്വം എന്ന ആശയം. സാമൂഹിക നേതൃത്വം, മതനേതൃസ്ഥാനം, ഭരണസാരഥ്യം, യുദ്ധം, വ്യാപാരം, വ്യവസായം, തൊഴില്‍, കായികം, ശാസ്ത്ര സാങ്കേതികം തുടങ്ങി ഒരു മേഖലയിലും സ്ത്രീപുരുഷാനുപാദം തുല്യമായി ഇതുവരെ നാം കണ്ടിട്ടില്ല, ഇപ്പോഴുമില്ല. സത്യത്തില്‍ ഇത് ഒരുപിടി പുരോഗമന വരട്ടുവാദികളുടെ മിഥ്യാഭ്രമങ്ങളാണ്. പടിഞ്ഞാറുനിന്ന് കടല്‍ കടന്നുവന്ന കള്ളപ്പരിഷ്‌കാരങ്ങളിലൊന്ന്. നമ്മുടെ നാടിന്റെ സംസ്‌കാരത്തിനോ പൈതൃകത്തിനോ ചേരാത്ത സാംസ്‌കാരിക മാലിന്യം, മാധ്യമ അപനിര്‍മിതി. ഇപ്പറഞ്ഞതിലപ്പുറം ഒന്നുമല്ല ലിംഗസമത്വവാദം.

    ഒരേ ഒരിന്ദിര, ഒരു റസിയാ സുല്‍ത്താന, മാഡം ക്യൂറി, പി ടി ഉഷ ഇതൊക്കെ ഒരര്‍ഥത്തില്‍ ആറാം വിരലുകളാണ്. കൗതുകത്തിന് ചേര്‍ക്കാവുന്ന പെട്ടിക്കോളം വാര്‍ത്തകള്‍. അഞ്ച് വിരലിന്റെ സ്വാഭാവികതയെക്കുറിച്ചാണ് ചര്‍ച്ച ചെയ്യേണ്ടത്. ആറാം വിരലിനെ സാമാന്യവത്കരിക്കരുത്. നൂറ് ശതമാനം വസ്തുതാപരമായ ഒരു കാര്യം പറഞ്ഞതിന് കാന്തപുരത്തെ കുരിശിലേറ്റാന്‍ വന്നവര്‍ ആരോഗ്യകരമായ ഒരു സംവാദത്തിന് തയ്യാറാകണം, പുലഭ്യം പറഞ്ഞു മാന്യന്മാരാകരുത്. ചരിത്രത്തില്‍ എവിടെയാണ് സ്ത്രീപുരുഷ സമത്വമുണ്ടായിട്ടുള്ളത്? വര്‍ത്തമാന കാലത്ത് എവിടെയാണ് സമത്വം കാണാനുള്ളത്? അവസരങ്ങള്‍ ലഭിക്കാത്തതുകൊണ്ടാണ് നമ്മുടെ സ്ത്രീകള്‍ പുരുഷന്മാരെ പോലെ കഴിവ് തെളിയിക്കാത്തത് എന്നാണ് പറയുന്നത്. ശരിയാണോ? രണ്ട് നൂറ്റാണ്ടിലേറെയായി പാശ്ചാത്യന്‍ നാടുകളില്‍ സ്ത്രീ-പുരുഷ സമത്വമുണ്ട്. ഈ നാടുകളില്‍ രണ്ട് തലമുറകളായി സ്ത്രീ എന്ന കാരണത്താല്‍ യാതൊരു വിവേചനവും സ്ത്രീകള്‍ അനുഭവിക്കുന്നില്ല. എന്നിട്ട്, അമേരിക്കയില്‍ എത്ര വനിതാ പ്രസിഡന്റുമാരുണ്ടായി? ബ്രിട്ടനിലെ പ്രധാനമന്ത്രിമാരില്‍ എത്ര വനിതകള്‍ വന്നു- എലിസബത്തും വിക്‌ടോറിയയും അധികാരമില്ലാത്ത പാരമ്പര്യത്തിന്റെ അലങ്കാരചിഹ്നങ്ങള്‍ മാത്രമാണ്. ലോകത്തിലെ ഒന്നാംകിട സൈനികനിര ഈ രാജ്യങ്ങളുടേതാണ്. ഇതിന്റെ തലപ്പത്ത് എത്ര വനിതകള്‍ കടന്നുവന്നു? ഇരിക്കട്ടെ, സ്വതന്ത്രമായി യുദ്ധം നയിച്ച പെണ്‍പടയുടെ ചരിത്രമോ വര്‍ത്തമാനമോ പറയാനുണ്ടോ? ലോകത്തെ മാറ്റിമറിച്ച ശാസ്ത്ര സാങ്കേതിക വളര്‍ച്ചയുടെ ചരിത്രം പരിശോധിച്ചു നോക്കുക; സ്ത്രീ അനുപാതം എത്ര ശതമാനമാണ്? ലോകത്ത് വ്യവസായ സാമ്രാജ്യങ്ങള്‍ വളര്‍ന്നുവന്നിട്ടുള്ളത് ബുദ്ധിയുടെയും തന്ത്രങ്ങളുടെയും വിജയമായിട്ടാണ്. മൂലധനം മൂന്നാമതാണ്. ഈ രംഗത്ത് എത്ര വനിതാ പ്രതിഭകളുണ്ടായി? ഒളിമ്പിക്‌സ് മുതല്‍ സ്‌കൂള്‍ തലം വരെയുള്ള കായിക മത്സരങ്ങള്‍ ബലപരീക്ഷണ വേദികളാണ്. കരുത്തിന്റെ ഈ മഹാമേളകള്‍ ആണ്‍പെണ്‍ വേര്‍തിരിച്ചു നടത്തുന്നതെന്തിനാണ്? ഉത്തരം ലളിതം, ഒന്നിച്ചു മത്സരിച്ചു ജയിക്കാനുള്ള കായികശേഷി സ്ത്രീകള്‍ക്കില്ല. ലോക ഒന്നാം നമ്പര്‍ ഓട്ടക്കാരിയെ ഹുസൈന്‍ ബോള്‍ട്ടിനൊപ്പം ഒരേ ട്രാക്കിലിറക്കി മത്സരിപ്പിക്കുക, ഫിനിഷ് ചെയ്തശേഷം തിരിച്ചുവന്ന് പാതി വഴിയില്‍നിന്ന് എതിരാളിയെ ബോള്‍ട്ട് കൂട്ടിക്കൊണ്ടുപോകേണ്ടതായി വരും. ബുദ്ധിയുടെ കളിയാണ് ചെസ്സ്. ഈ കളിയില്‍ ലോക റാങ്കിംഗില്‍ എത്ര വനിതകളുണ്ട്- ഒരേയൊരു ജൂഡിത്ത് പോള്‍ഗാര്‍. ഈ ഹംഗറിക്കാരിയാകട്ടെ ലോക റാങ്കിംഗില്‍ എട്ടാം സ്ഥാനത്താണ്. വനിതാ ടീമിനെ എതിര്‍പക്ഷത്ത് നിറുത്തി ഫുട്‌ബോളോ ഹോക്കിയോ ക്രിക്കറ്റോ കളിക്കാത്തതെന്ത്? കായിക ശേഷിയുടെ പ്രശ്‌നം തന്നെ. ഇതു പറഞ്ഞതിനാണോ എല്ലാവരും ചേര്‍ന്ന് കാന്തപുരത്തെ വേട്ടയാടിയത്? എന്നുവെച്ച്, ഇതൊക്കെ സ്ത്രീകളുടെ ന്യൂനതയല്ല, വൈകല്യമോ ദൗര്‍ബല്യമോ അല്ല. ജന്തുശാസ്ത്രപരമായ സവിശേഷതകള്‍ മാത്രമാണ്. മറുപക്ഷത്ത് പുരുഷനുമുണ്ട് ദൗര്‍ബല്യങ്ങള്‍. കാന്തപുരം ചൂണ്ടിക്കാണിച്ചത് അതിലൊന്നാണ്. പുതിയൊരു തലമുറക്ക് ജന്മം നല്‍കുക, അവരെ പരിപാലിച്ച് അന്തസ്സുള്ള പൗരന്മാരാക്കിമാറ്റുക, സാമൂഹികമായ മഹത്കര്‍മമാണിത്, സ്ത്രീകള്‍ക്ക് മാത്രം ചെയ്യാവുന്നത്, പുരുഷന്മാര്‍ക്ക് മത്സരിക്കാനാകാത്തത്, നിസ്സഹായനായി നോക്കി നില്‍ക്കാന്‍ മാത്രം കഴിയുന്നത്. സാമൂഹിക ഘടനയുടെ ആധാരശിലയാണ് കുടുംബം. കുടുംബം എന്ന മഹത്തായ സ്ഥാപനത്തെ നിലനിറുത്താന്‍ ഒരു സ്ത്രീ വിചാരിച്ചാലേ കഴിയൂ. എല്ലാ ജന്തുജാലങ്ങളും ഇണകളായിട്ടാണ് സൃഷ്ടിക്കപ്പെട്ടത്. രണ്ടും രണ്ട് വിധത്തിലുള്ള സൃഷ്ടിപ്പാണ്. ഇതിലൊന്ന് പവിത്രവും മറ്റേത് ഹീനവും എന്നില്ല. രണ്ടും തുല്യമാണെങ്കില്‍ പിന്നെന്തിനാണ് പ്രത്യക്ഷമായും പരോക്ഷമായും നാം കാണുന്ന വൈജാത്യങ്ങള്‍? ഒരേപോലെ മതിയായിരുന്നല്ലോ. ഇതു ചോദിച്ചതിനാണ് കാന്തപുരത്തിനെതിരെ വാളെടുത്തത്. മനുഷ്യന് പറവകളെപ്പോലെ പറക്കാനാകില്ല. എന്നുവെച്ച് ആകാശത്ത് സ്വതന്ത്രമായി വിഹരിക്കുന്ന പക്ഷികളാണ് മനുഷ്യരേക്കാള്‍ കേമന്മാര്‍ എന്ന് പറയാമോ? സ്ത്രീയും പുരുഷനും രണ്ടുതരം സൃഷ്ടിപ്പാണ്, ഈ വൈവിധ്യത്തിന് രണ്ടുതരം ലക്ഷ്യങ്ങളുണ്ട്. രണ്ട് വിഭാഗത്തിനും രണ്ടുതരം ജീവിത ധര്‍മങ്ങളുണ്ട്. ഓരോ വിഭാഗവും അവരവരുടെ കര്‍മങ്ങള്‍ ചെയ്യുക. സ്ത്രീ സ്ത്രീയായിരിക്കുന്നതിലാണ് മഹത്വം, പുരുഷനെപ്പോലെയാകുന്നതിലല്ല; മറിച്ചും. ഒരു കൈയിന്റെ അഞ്ച് വിരലുകള്‍ അഞ്ച് തരത്തില്‍ സൃഷ്ടിച്ചത് അഞ്ച് തരം ആവശ്യങ്ങള്‍ക്ക് വേണ്ടിയാണ്. വിരലുകളഞ്ചും ഒരുപോലെയായിരിക്കണം എന്ന് പറയുന്നത് ദുശ്ശാഠ്യമാണ്. സ്ത്രീകള്‍ക്ക് പ്രശ്‌നങ്ങളുണ്ട്. സമാന അളവില്‍ പുരുഷന്മാര്‍ക്കുമുണ്ട്. ഇരു കൂട്ടരുടെയും പ്രശ്‌നങ്ങള്‍ പരിഹരിക്കേണ്ടത് സ്ത്രീയും പുരുഷനും അവരവരുടെ സ്വത്വത്തില്‍ നിന്നുകൊണ്ടാകണം, നടപ്പില്ലാത്ത സമത്വം കൊണ്ടല്ല. പുതുതായി ലിംഗസമത്വവാദം തല പൊക്കിയതിനു പിന്നില്‍ ഒരുപാട് പശുപാലന്മാരുണ്ടെന്നു സംശയിക്കണം. ചുംബന സമരത്തിന് പിന്നിലെ താത്പര്യങ്ങളുടെ വിശാലാര്‍ഥം ലിംഗസമത്വവാദത്തിനുമുണ്ട്. സ്ത്രീ എന്ന യാഥാര്‍ഥ്യം നിന്ദ്യവും പരിഹാസ്യവും അപമാനകരവുമാണെന്ന അവബോധം സ്ത്രീകള്‍ക്കിടയില്‍ ഉണ്ടാക്കാനുള്ള കരുതിക്കൂട്ടിയുള്ള ശ്രമമാണിത്. നിങ്ങള്‍ ഉത്കൃഷ്ടരാകാന്‍ നിങ്ങളും പുരുഷന്മാരെപ്പോലെയാകണം, എന്നാലേ നിങ്ങള്‍ക്ക് രക്ഷയുള്ളൂ എന്ന സന്ദേശമാണ് സ്ത്രീകള്‍ക്ക് നല്‍കുന്നത്. ജാതീയവും വര്‍ഗപരവുമായ വൈജാത്യങ്ങളെ ഇല്ലായ്മ ചെയ്യുന്നതുപോലെ സ്ത്രീ-പുരുഷന്‍ എന്ന അന്തരവും ഇല്ലാതാക്കണമത്രേ. ഇനി ‘ഹി’യും ‘ഷി’യും വേണ്ട, ‘അവനും’ ‘അവളും’ ഇല്ല. എല്ലാവരും സമം. ശുദ്ധ ഭോഷ്‌കാണിത്. വീടിന്റെ സുരക്ഷിതത്വത്തില്‍ നിന്ന് തെരുവിന്റെ അരക്ഷിതാവസ്ഥയിലേക്ക് സ്ത്രീകളെ വലിച്ചെറിയാനുള്ള കള്ളസൂത്രം. അവിടെ പുതിയ പശുപാലന്മാര്‍ പതിയിരിക്കുന്നുണ്ട്. കമ്പോള ശക്തികളുടെ താത്പര്യങ്ങളും ഈ ക്യാമ്പയിനു പിന്നിലുണ്ടാകാം. നാപ്കിന്‍ മുതല്‍ വജ്രാഭരണങ്ങള്‍ വരെയുള്ള ഉപഭോഗ ഉത്പന്നങ്ങളുടെ പരസ്യങ്ങള്‍ക്ക് തുണിയുരിഞ്ഞ് നില്‍ക്കാന്‍ വീടിന്റെ സുരക്ഷിതത്വത്തില്‍നിന്നു സ്ത്രീകളെ കിട്ടില്ല. തെരുവില്‍ നിന്നാകുമ്പോള്‍ കാര്യങ്ങള്‍ക്ക് അതിന്റേതായ എളുപ്പമുണ്ട്. സത്യത്തില്‍ കാന്തപുരത്തിന്റെ ചെലവില്‍ സ്ത്രീവിരുദ്ധ പ്രസ്താവന പടച്ചുവിട്ടത് മാധ്യമങ്ങളാണ്. പിന്തിരിപ്പന്‍ എന്ന ചീത്തപ്പേര് ഒഴിവാക്കിക്കിട്ടാനാണ് രാഷ്ട്രീയ നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ ഈ വ്യാജ വാര്‍ത്ത ഏറ്റുപിടിച്ചത്. തങ്ങളാഗ്രഹിച്ച തരത്തിലുള്ള ഒരു പ്രതിലോമ ചര്‍ച്ച കാന്തപുരത്തെ മുന്‍നിറുത്തി സംഘടിപ്പിക്കുകയായിരുന്നു, കളി കാന്തപുരത്തോടു വേണ്ട. കാന്തപുരം പറഞ്ഞത് ശാസ്ത്രീയമായും വസ്തുതാപരമായും ശരിയായ കാര്യങ്ങളാണ്. ശരീരശാസ്ത്രവും(Physiology) ശരീര ഘടനാശാസ്ത്രവും(Anatomy) കാന്തപുരത്തിന്റെ നിലപാടുകള്‍ക്കൊപ്പമാണ്. സ്ത്രീയുടെയും പുരുഷന്റെയും ബാഹ്യവും ആന്തരികവുമായ ശാരീരികാവസ്ഥ(Physique)യില്‍ പ്രകടമായ അന്തരങ്ങളുണ്ടെന്നു ശാസ്ത്രം പറയുന്നു. ചില ഉദാഹരണങ്ങള്‍ കാണുക: പുരുഷന്റെ മസ്തിഷ്‌കത്തിന്റെ തൂക്കം 1375ഗ്രാം, സ്ത്രീയുടേത് 1260ഗ്രാം. പുരുഷഹൃദയത്തിന്റെ ഭാരം 350ഗ്രാം, സ്ത്രീയുടേത് 250ഗ്രാം. കരളിന്റെ തൂക്കവ്യത്യാസം 1600-1500. രക്തത്തിന്റെ അളവ് പുരുഷന് സ്ത്രീയെക്കാള്‍ 20 ശതമാനം കൂടുതലാണ്. ഒരു സി സി പുരുഷ രക്തത്തില്‍ 52000 ലക്ഷം ചുവന്ന രക്താണുക്കളുണ്ടാകുമെന്നാണ് കണക്ക്. സ്ത്രീകള്‍ക്കാകുമ്പോള്‍ ഇതില്‍ അഞ്ച് ലക്ഷത്തിന്റെ കുറവുണ്ടാകും. പുരുഷന്റെ നാഡി മിനുട്ടില്‍ 72 തവണ മിടിക്കുമ്പോള്‍ സ്ത്രീയുടേത് 82 തവണ മിടിക്കും. വളരെ പ്രാഥമികവും സാധാരണവുമായ ഇത്തരം ശാസ്ത്രീയ അന്തരങ്ങള്‍ ശാരീരികമായും മാനസികമായും സ്ത്രീ പുരുഷന്മാരെ വേറിട്ടു നിര്‍ത്തുന്നുണ്ട്. ഇത് സ്വാഭാവികമാണ്. പുരുഷന്റെ മിടുക്കോ സ്ത്രീയുടെ വൈകല്യമോ അല്ല. അസമത്വവുമല്ല. വൈവിധ്യവും വൈരുധ്യവും തിരിച്ചറിയാന്‍ കഴിയാതെ പോകുന്നതാണ് നമ്മുടെ പ്രശ്‌നം. തനിക്കറിയാവുന്ന പച്ചപ്പരമാര്‍ഥം പറഞ്ഞതിന് കാന്തപുരത്തെയങ്ങ് ഭസ്മീകരിച്ചു കളയാമെന്ന് ആരെങ്കിലും കരുതിയെങ്കില്‍ ആളു മാറിപ്പോയി എന്നേ പറയുന്നുള്ളൂ. വികാരമല്ല, വിവേകമാണ് വിമര്‍ശകരില്‍നിന്നു പ്രതീക്ഷിക്കുന്നത്. ലിംഗസമത്വം എന്ന ആശയം ആര്‍ക്കു വേണ്ടിയാണ്? ഒരു കാര്യം ഉറപ്പിച്ചു പറയാം. മറ്റാര്‍ക്ക് വേണ്ടിയാണെങ്കിലും സ്ത്രീകള്‍ക്ക് വേണ്ടിയല്ല. സമൂഹത്തിലെ ഒരു ശതമാനം സ്ത്രീകള്‍പോലും ഈ പിന്തിരിപ്പന്‍ ആശയത്തെ അനുകൂലിക്കുകയില്ല. പ്രസ്താവനകള്‍ കൊണ്ട് ഉപജീവനം കഴിച്ചുപോകുന്ന ചില പരാന്നജീവികളുണ്ട്. സ്ത്രീകളും അവര്‍ക്ക് പ്രശ്‌നങ്ങളും ഉള്ളതുകൊണ്ടാണ് ഇവര്‍ ജീവിച്ചിരിക്കുന്നതായി നാട്ടുകാര്‍ അറിയുന്നതും മൂന്ന് നേരം ഇവര്‍ പല്ലരവ് നടത്തുന്നതും. കുടുംബത്തില്‍നിന്ന് വേരറ്റുപോയ ചില തെറിച്ച പെണ്ണുങ്ങളാണ് ലിംഗ സമത്വപ്രസ്ഥാനത്തിന്റെ മറ്റൊരു ഗുണഭോക്താക്കള്‍. പുരോഗമനവും വിപ്ലവവും പ്രസംഗിച്ചിട്ടില്ലെങ്കില്‍ പാര്‍ട്ടിയില്‍നിന്ന് കുടിയിറക്ക് ഭീഷണി നേരിടേണ്ടതായി വരും ചിലര്‍ക്ക്. ഇവര്‍ക്ക് രുചികരമായും നിരുപദ്രവകരമായും വിപ്ലവം തുപ്പാന്‍ ഒഴിഞ്ഞുകിടക്കുന്ന വിഷയമാണ് സ്ത്രീസമത്വം. ഇസ്‌ലാമിന്റെ പേരിലുമുണ്ട് ചിലര്‍. ആണുങ്ങളുടെ കഥ കഴിഞ്ഞുവെന്നാണു തോന്നുന്നത്. അവരിപ്പോള്‍ പിടിച്ചുനില്‍ക്കുന്നത് തന്നെ പെണ്ണുങ്ങളെക്കൊണ്ടാണ്. മതത്തിന്റെ പേരില്‍ ഇവരിറക്കിയ വ്യാജ ചരക്കുകളത്രെയും മാര്‍ക്കറ്റില്‍ നിന്ന് പിന്‍വലിക്കേണ്ടിവന്നിരിക്കുന്നു. ഇനിയിപ്പോള്‍, അവശേഷിക്കുന്നത് പെണ്‍ വിഷയമാണ്. ഇതുകൂടി കൈവിട്ടാല്‍ ഇവര്‍ കട പൂട്ടി വീട്ടില്‍ ചെന്നിരിക്കേണ്ടിവരും- മുജാഹിദ്, ജമാഅത്ത് വിഭാഗങ്ങളെക്കുറിച്ചാണ് പറഞ്ഞുവരുന്നത്. പണവും പദവിയും അധികാരവും കിട്ടാവുന്ന സുവര്‍ണാവസരമായിരുന്നു സ്ത്രീകളെ സംബന്ധിച്ചിടത്തോളം ഇക്കഴിഞ്ഞ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പ്. 50 ശതമാനം സീറ്റിലേക്ക് പെണ്ണുങ്ങളെ ഒപ്പിച്ചെടുക്കാനാകാതെ പാര്‍ട്ടികള്‍ വെള്ളം കുടിച്ചുവെന്നായിരുന്നു വാര്‍ത്ത. എന്താ കാര്യം? സ്ത്രീസമൂഹത്തിന് ഈ പുരോഗമന മൂരാച്ചിത്തരത്തോട് യോജിപ്പില്ല. ലിംഗസമത്വത്തിന്റെ കാര്യത്തില്‍ സ്ത്രീകള്‍ക്കിടയില്‍ ഒരു ഹിതപരിശോധന നടത്താന്‍ പുരോഗമന പ്രസ്ഥാനങ്ങള്‍ തയ്യാറുണ്ടോ? ഒരു സാമ്പിള്‍ കഴിഞ്ഞ വര്‍ഷം നടന്നു. പ്ലസ്ടു ക്ലാസുകളിലെ പെണ്‍കുട്ടികള്‍ക്ക് വേണ്ടി കഴിഞ്ഞ വര്‍ഷം കേരള സര്‍ക്കാര്‍ ഒരു ബോധവത്കരണ ക്ലാസ് നടത്തിയത് നല്ല വാര്‍ത്തയായിരുന്നു. കാലടി സര്‍വകലാശാലയിലെ ഡോ. രജത് കുമാര്‍ ആയിരുന്നു ട്യൂട്ടര്‍. പതിനായിരക്കണക്കിന് വിദ്യാര്‍ഥിനികള്‍ക്ക് അദ്ദേഹം ക്ലാസെടുത്തു. എതാണ്ട് കാന്തപുരം പരാമര്‍ശിച്ച വിഷയങ്ങള്‍ തന്നെയായിരുന്നു മറ്റൊരു ഭാഷയില്‍ അദ്ദേഹത്തിന്റെതും. കാസര്‍ക്കോട് നിന്നു തുടങ്ങി തിരുവനന്തപുരത്തെത്തുന്നതുവരെ ഒരൊറ്റ പെണ്‍കുട്ടിയും പ്രതിഷേധിച്ചില്ല. തിരുവനന്തപുരത്തെ സമാപന ചടങ്ങില്‍ സ്ത്രീകളുടെ പരിമിതികളെ പരാമര്‍ശിച്ചപ്പോള്‍ പ്രതിഷേധിച്ച് ഇറങ്ങിപ്പോയത് ഒരേ ഒരു പെണ്‍കുട്ടി. ഇതാണു ലിംഗസമത്വ വിഷയത്തില്‍ സ്ത്രീനിലപാടുകളുടെ അനുപാതം- ഒന്നോ രണ്ടോ ലക്ഷത്തില്‍ ഒന്ന്. തിരുവനന്തപുരത്തെ പ്രതിഷേധം തന്നെ ‘അറേഞ്ച്ഡ്’ ആയിരുന്നുവെന്ന് പിന്നീട് തെളിഞ്ഞു. ഈയൊരു പെണ്‍കുട്ടിയെ വെച്ച് മീഡിയകള്‍ കുറേ നാളുകള്‍ ഏങ്ങുകയും മോങ്ങുകയും ചെയ്തത് വെറുതെയായി. ഈ വിവാദ കാലത്ത് കണ്ണൂരില്‍ മഹിളാ കോണ്‍ഗ്രസിന്റെ ഒരു സമ്മേളനം നടന്നു. ഡോ. രജത് കുമാര്‍ പറഞ്ഞ കാര്യങ്ങള്‍ കെ സുധാകരന്‍ പച്ച മലയാളത്തില്‍ പറഞ്ഞപ്പോള്‍ കൈയടിച്ചു പ്രോത്സാഹിപ്പിച്ചു വനിതാ സദസ്സ്. ഇതാണ് വസ്തുത. സത്യത്തില്‍, കാന്തപുരത്തെ വേട്ടയാടാന്‍ ഇറങ്ങിപ്പുറപ്പെട്ടവരുടെ ഉള്ളിരിപ്പ് വേറെയാണ്, അതു നടക്കില്ല. (തുടരും)

Featured Post

കാന്തപുരത്തിനല്ലാതെ ആര്‍ക്കാണവകാശം? by OM THARUVANA

സ്ത്രീ സമൂഹത്തിന്റെ കാര്യം പറയാന്‍ കാന്തപുരത്തിന് അര്‍ഹതയുണ്ട്. ആയിരക്കണക്കിന് സ്ത്രീകള്‍ക്കും കുടുംബങ്ങള്‍ക്കും ആശ്രയവും അഭയവും നല്‍കുന...